ബഹിരാകാശ നിലയത്തിൽ വായുചോർച്ച

ഫ്ലോറിഡ:
നാസയടക്കമുള്ള ബഹിരാകാശ ഏജൻസികളെ ആശങ്കയിലാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വായു ചോർച്ച. ദിവസേന 1.7 കിലോഗ്രാമിലേറെ വായു ചോരുന്നതായാണ് കണ്ടെത്തൽ. സ്റ്റാർ ലൈനർ പേടകത്തിലുണ്ടായ ചോർച്ച സൃഷ്ടിച്ച പ്രതിസന്ധിക്ക് പിന്നാലെയാണിത്.ഇത് നിലയത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണിയാകുമോയെന്ന് ആശങ്കയുണ്ട്. എന്നാൽ നാസ ഇത് നിഷേധിച്ചു. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം 11 പേരാണ് നിലയത്തിലുള്ളതു്. റഷ്യൻ മോഡ്യുളിലെ ‘സ്വെസ്ദ ‘ യിൽ കണ്ടെത്തിയ ചോർച്ചയുടെ കാരണം കണ്ടെത്താൻ ശ്രമം തുടങ്ങി. 2019 ൽ ഈ ഭാഗത്ത് വായു ചോർച്ച കണ്ടെത്തിയിരുന്നെങ്കിലും രൂക്ഷമാകുന്നത് ഇപ്പോഴാണ്. യുഎസ്, റഷ്യ, യൂറോപ്പ്, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളുടെയും 15 രാജ്യങ്ങളുടെയും നേതൃത്വത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങൾ.