ബുധനാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴ :യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മൂന്ന് ദിവസം ഇടി മിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബുധനാഴ്ച അഞ്ച് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ആറു ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഈ ദിവസങ്ങളിൽ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മുൻകരുതൽ പാലിക്കണമെന്ന്സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടവും ജീവഹാനിയും വരുത്തിവയ്ക്കുന്നു.വൈദ്യുത ചാലകങ്ങളുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങളിലും കേടുപാടുകൾ വരുത്തിവയ്ക്കും.അതിനാൽ മഴയുടെ സാന്നിധ്യം അറിയുമ്പോൾ തന്നെ മുൻകരുതൽ എടുക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല.