അമിത് ഷാ കേരളത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ പട്ടികയാണ് പുറത്തുവിട്ടത്. മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
നിലവിലുള്ള ജനറല്‍ സെക്രട്ടറി എം ടി രമേശ് തല്‍സ്ഥാനത്ത് തുടരും. കെ.സുരേന്ദ്രന്‍ അധ്യക്ഷനായപ്പോള്‍ വൈസ് പ്രസിഡന്‍റായിരുന്ന ശോഭ സുരേന്ദ്രന് പുതിയ കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി. തിരുവനന്തപുരത്തു നിന്ന് അഡ്വ. എസ് സുരേഷും ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി. യുവമോര്‍ച്ചയുടെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന അനൂപ് ആന്‍റണിയാണ് പുതിയ കമ്മറ്റിയിലെ മറ്റൊരു ജനറല്‍ സെക്രട്ടറി.
കെ സുരേന്ദ്രന്‍ അധ്യക്ഷനായ കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറിമായിരുന്ന സി കൃഷ്ണകുമാറിനെയും പി സുധീറിനെയും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോണ്‍ ജോര്‍ജ്, ബി. ശ്രീലേഖ ഐപിഎസ് എന്നിവരെയും വൈസ് പ്രസിഡന്‍റുമാരാക്കിയിട്ടുണ്ട്. ട്രഷറര്‍ സ്ഥാനത്ത് മാറ്റമില്ല. പാലക്കാട്ടു നിന്നുള്ള ഇ കൃഷ്ണദാസ് ട്രഷറര്‍ സ്ഥാനത്ത് തുടരും.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ അനുമതിയോടെയാണ് ബി.ജെ.പി കേരള ഘടകത്തിൻ്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.