കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിക്കില്ലെന്ന് ബാലു

തൃശൂർ:
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ബാലു മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. കൂടൽമാണിക്യം ക്ഷേത്രത്തിൽ താൻ കാരണം ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. പരീക്ഷ എഴുതുന്ന കാലത്ത് ഇങ്ങനൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ആറാം തീയതി ദേവസ്വത്തിന്റെ കത്ത് വന്നപ്പോഴാണ് തന്നെ തന്ത്രിമാർ ബഹിഷ്‌കരിക്കുകയാണെന്ന് അറിഞ്ഞത്. തന്ത്രിമാർ ആരൊക്കെയെന്നോ തന്ത്രി കുടുംബാംഗങ്ങൾ ആരൊക്കെയെന്നോ അറിയില്ലായിരുന്നുവെന്നും ബാലു പറഞ്ഞു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ബാലുവിന് നിയമനം ലഭിച്ചത്. കഴിഞ്ഞ മാസം 24നാണ് ചുമതലയേറ്റത്. ഇതോടെയാണ് തന്ത്രിമാരുടെ പ്രതിഷേധം ആരംഭിച്ചത്. ഈഴവ സമുദായംഗമായ ബാലു കഴകം പ്രവർത്തി ചെയ്യാൻ തുടങ്ങിയത് മുതൽ തന്ത്രിമാര്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. തുടർന്ന് ചർച്ച വിളിക്കുകയും ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ ബാലു ഏഴു ദിവസത്തെ അവധിയിൽ പോയി.