ശബരിമല സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി; 9 പേർ പ്രതിപ്പട്ടികയിൽ, ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു

പത്തനംതിട്ട:
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തു. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, സഹായികൾ, ദേവസ്വം ഉദ്യോഗസ്ഥർ ഉൾപ്പടെ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് ഒന്നാംപ്രതി. ദേവസ്വം ബോർഡിലെ മുരാരി ബാബു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.
സ്പോൺസർ എന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റി 2019-ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളും ശ്രീകോവിലിൻ്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. സ്വർണം പൂശിയ ശേഷം തിരികെ എത്തിച്ചപ്പോൾ ഭാരത്തിൽ കുറവുണ്ടായിരുന്നുവെന്നതാണ് പ്രധാന ആരോപണം. ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 474.9 ഗ്രാം സ്വർണത്തിൻ്റെ കുറവ് കണ്ടെത്തി.
കാണാതായ സ്വർണത്തിൻ്റെ അളവ് 475 ഗ്രാം സ്വർണത്തിന് തുല്യമാണ്. ഈ കുറവ് ദേവസ്വം ബോർഡ് അധികൃതർ അറിഞ്ഞോ അറിയാതെയോ മറച്ചുവെച്ചുവെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ടാണ് ഈ കേസിൻ്റെ തുടക്കം. സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് ഉടൻ കടന്നേക്കുമെന്നാണ് സൂചന.