30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും

 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും

റിപ്പോർട്ട് : സുനിൽദത്ത് സുകുമാരൻ

തിരുവനന്തപുരം:

കലയുടെയും കാഴ്ചയുടെയും വിസ്മയം തീർക്കാൻ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാമത് പതിപ്പിന് ഇന്ന് (ഡിസംബർ 12, വെള്ളിയാഴ്ച) തലസ്ഥാന നഗരിയിൽ തുടക്കമാകും. ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ മലയാളിയെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ മേളയുടെ ഇക്കൊല്ലത്തെ എട്ട് ദിവസം നീളുന്ന ആഘോഷത്തിന് ഇന്ന് വൈകിട്ട് നിശാഗന്ധിയിൽ തിരശീല ഉയരും.

206 സിനിമകൾ പ്രദർശിപ്പിക്കും:

ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16 തീയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് കാണികൾക്ക് വിരുന്നാകുക. 26 വിവിധ വിഭാഗങ്ങളിലായാണ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഉദ്ഘാടന ചടങ്ങ്:

  • ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.
  • കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
  • പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും.

പുരസ്കാരവും ആദരവും:

  • ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
  • സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള ‘കരുണയുടെ ക്യാമറ’, സംവിധായകൻ രാജീവ് നാഥ്നെക്കുറിച്ചുള്ള ‘തണൽ’ ഉൾപ്പെടെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പ്രകാശനം ചെയ്യും.
  • സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥിനെ സാംസ്കാരിക മന്ത്രി ആദരിക്കും.

ഉദ്ഘാടന ചിത്രം:

ഉദ്ഘാടന ചടങ്ങിന് ശേഷം, പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻ മേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News