കോഴിക്കോട് മരിച്ച രണ്ടുപേർക്കും നിപ ;കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.

 കോഴിക്കോട് മരിച്ച രണ്ടുപേർക്കും നിപ ;കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.

മൻസുഖ് മാണ്ഡവ്യ (കേന്ദ്ര ആരോഗ്യമന്ത്രി). Photo: ANI

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പൂനെ വൈറോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തും.ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് .ഫലം വരുന്നതുവരെ ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്ന് വീണ ജോര്‍ജ്.
കോഴിക്കോട് വടകര താലൂക്കിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലുള്ള രണ്ടുപേർ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മരുതോങ്കര സ്വദേശി ഓഗസ്റ്റ് 30നും ആയഞ്ചേരി സ്വദേശി തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയുമാണ് മരിച്ചത്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളുമടക്കം നാലുപേർ ചികിത്സയിലാണ്.
ഇരുവർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതോടെയാണ് സ്വകാര്യ ആശുപത്രി അധികൃതർ വിവരം സർക്കാരിനെ അറിയിച്ചത്. തുടർന്ന് സാംപിളുകൾ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമടക്കം സമ്പർക്കപട്ടികയിലുള്ള 75 പേർ നിരീക്ഷണത്തിലാണ്. മരുതോങ്കര സ്വദേശിയുടെ രണ്ടു മക്കളും ഒരു ബന്ധുവും ചികിത്സയിലുണ്ട്.
രണ്ടു രോഗികളുമായി സമ്പർക്കം പുലർത്തിയ 168 പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ ഭീതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് കൺട്രോൾ റൂമും കോൾ സെൻ്ററും പ്രവർത്തനം ആരംഭിച്ചു. വിവിധ കേന്ദ്രസംഘങ്ങൾ നാളെ സംസ്ഥാനത്തെത്തും. പൂനെ എൻഐവിയുടെ മൊബൈൽ യൂണിറ്റും സംസ്ഥാനത്തേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News