കണ്ണൂർ:
രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം മാങ്ങാട്ടുപറമ്പിൽ കെൽട്രോണിൽ പ്രവർത്തന സജ്ജമായി.ഉയർന്ന ഊർജ്ജസംഭരണ ശേഷിയുള്ള പുതുതലമുറ കപ്പാസിറ്ററാണ് സൂപ്പർ കപ്പാസിറ്റർ. കുറഞ്ഞ വോൾട്ടേജ് പരിധിയിൽ കൂടുതൽ ഊർജം സംഭരിക്കാനുള്ളശേഷി ഇവയ്ക്കുണ്ട്. ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളേക്കാൾ നൂറുമടങ്ങാണ് ഊർജസംഭരണശേഷി. ഓട്ടോമേറ്റീവ്, പുനരൂപയോഗ സാധ്യതയുളള ഊർജം, ബഹിരാകാശ വിക്ഷേപണ വാഹനം,പ്രതിരോധ ഉപ കരണങ്ങൾ തുടങ്ങിയവയുടെ അവിഭാജ്യ ഘടകമാണിത്. 42 കോടി രൂപ മുതൽ മുടക്കിൽ ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെയാണ് സൂപ്പർ കപ്പാസിറ്ററിന്റെ ഉൽപ്പാദനം. നിലവിൽ വിദേശത്തു നിന്നാണ് ഇത്തരം കപ്പാസിറ്ററുകൾ ഇറക്കുമതി ചെയ്യുന്നതു്. 18 കോടി മുതൽമുടക്കിൽ ആരംഭിച്ച പദ്ധതിയിൽ മെഷീനറികൾ, ഡ്രൈറൂമുകൾ എന്നിവയിലൂടെ പ്രതിദിനം 2100 കപ്പാസിറ്ററാണ് ഉൽപ്പാദനശേഷി. അമ്പതു വർഷം പൂർത്തിയാക്കുന്ന മാങ്ങാട്ടുപറമ്പ് കെൽട്രോൺ രാജ്യത്തിന് സമർപ്പിക്കുന്ന ബൃഹദ് പദ്ധതിയാണെന്ന് എംഡി കെ ജി കൃഷ്ണകുമാർ പറഞ്ഞു.