കർഷക സമരം: ഡൽഹിയിൽ സമ്മേളനങ്ങൾക്ക് നിരോധനം

ന്യൂഡൽഹി :
നാളത്തെ കർഷക മാർച്ചിനെ മുന്നോടിയായി രാജ്യതലസ്ഥാനത്ത് വലിയ സമ്മേളനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ദേശീയ തലസ്ഥാനത്തേക്കുള്ള റാലികളും ട്രാക്ടറുകളുടെ പ്രവേശനവും നിരോധിക്കുകയും വെടിയുണ്ടകളും കത്തുന്ന വസ്തുക്കളും, ഇഷ്ടികയും കല്ലും പോലുള്ള താൽക്കാലിക ആയുധങ്ങളും പെട്രോൾ ക്യാനുകളും സോഡയും ശേഖരിക്കുന്നതും നിരോധിച്ചിരിക്കുന്നതായി ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഉച്ചഭാഷിണി ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
ഹരിയാന സർക്കാർ 15 ജില്ലകളിൽ CrPC യുടെ 144-ാം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. നിർദിഷ്ട മാർച്ച് കണക്കിലെടുത്ത് ചണ്ഡീഗഡ് ഭരണകൂടം നഗരത്തിൽ 60 ദിവസത്തേക്ക് സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ, അധികാരികൾ കോൺക്രീറ്റ് ബ്ലോക്കുകളും മണൽചാക്കുകളും മുള്ളുവേലികളും മറ്റും റോഡിൽ സ്ഥാപിച്ചു.ഘഗ്ഗർ മേൽപ്പാലത്തിൽ നിന്ന് പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ എറിയുന്നത് തടയാൻ ഇരുവശത്തും ഇരുമ്പ് ഷീറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

