ഭക്തർക്കൊപ്പം ബിജെപി നിലകൊള്ളും;ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമായി ഭക്തരെ കടത്തിവിടാൻ അനുവദിക്കില്ല:കെ.സുരേന്ദ്രൻ
ഭക്തർക്കൊപ്പം ബിജെപി നിലകൊള്ളും.ശബരിമല തിരക്ക് നിയന്ത്രിക്കുന്നതിനായി പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
പത്തനംതിട്ട:
ശബരിമലയിൽ വെർച്വൽ ക്യൂവായി മാത്രം ഭക്തരെ കടത്തിവിടാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഒരു വെർച്വൽ ക്യൂവും ഇല്ലാതെ ശബരിമലയിൽ ദർശനം നടത്താൻ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിയുടെ മറവിൽ ശബരിമലയെ തകർക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുത്തിയവരാണ് ബിജെപി. വീണ്ടും ശബരിമലയെ തകർക്കാനാണ് പിണറായി
സർക്കാർ തീരുമാനിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തരെ ശബരിമലയിൽ എത്തിക്കുമെന്നും സുരേന്ദ്രൻ ഉറപ്പ് നൽകി.
ഭക്തർക്കൊപ്പം ബിജെപി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനടയിലൂടെയാണ് മല ചവിട്ടാനായി വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം വെർച്വൽ ക്യൂ പ്രായോഗികമല്ല. ശബരിമല തിരക്ക് നിയന്ത്രിക്കുന്നതിനായി പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. കഴിഞ്ഞ വർഷം ഭക്തർക്ക് പ്രതിസന്ധി സൃഷ്ടിച്ചത് പൊലീസ് സംവിധാനത്തിലെ പിഴവാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.