കീം വിവാദം:കോടതിയുടെ ഇടപെടലുകളാണ് നിലവിലെ സാഹചര്യത്തിന് കാരണം :മന്ത്രി ബിന്ദു

തൃശൂർ:
കീം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നിലവിൽ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും, കഴിഞ്ഞ വർഷം സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് നേരിട്ട അനീതി പരിഹരിച്ച് എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്തുകയായിരുന്നു സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. കോടതിയുടെ ഇടപെടലുകളാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും മന്ത്രി ശക്തമായി വാദിച്ചു.
കഴിഞ്ഞ വർഷം കീം റാങ്ക് ലിസ്റ്റിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് വലിയ പ്രയാസങ്ങളുണ്ടായത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പ്ലസ് ടു മാർക്കും എൻട്രൻസ് മാർക്കും തുല്യമായി പരിഗണിച്ച് റാങ്ക് നിർണയിക്കുന്ന നിലവിലെ രീതിയാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. 2012 മുതൽ തുടർന്നു വരുന്ന ഈ ഫോർമുലയുടെ ഭാഗമായാണ് ഒരു വിഭാഗം വിദ്യാർഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതെന്നും സർക്കാർ മനസിലാക്കി. ഇതിനെത്തുടർന്ന്, എൻട്രൻസ് കമ്മിഷണർ അടക്കമുള്ള വിദഗ്ധർ മുന്നോട്ടുവച്ച പുതിയ ഫോർമുല സർക്കാർ അംഗീകരിച്ചു.
പ്ലസ് ടു മാർക്കിന് പ്രാധാന്യം കുറച്ച് എൻട്രൻസ് മാർക്കിന് കൂടുതൽ വെയിറ്റേജ് നൽകുന്ന ഈ പുതിയ നിർദേശം സംസ്ഥാന സർക്കാരിന് പരിഗണിക്കാതിരിക്കാൻ സാധിക്കുമായിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുക എന്നതായിരുന്നു ഇതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.