തിരുവനന്തപുരത്തെ ഭൂമി തട്ടിപ്പു കേസ് : വെണ്ടർ മണികണ്ഠൻ ഒളിവിൽ

വെണ്ടർ മണികണ്ഠൻ ,വസന്ത, മെറിന്
തിരുവനന്തപുരം:
അമേരിക്കൻ മലയാളിയായ സ്ത്രീയുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലുള്ളവീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിലെ സൂത്രധാരനായ വെണ്ടർ മണികണ്ഠൻ ഒളിവിലെന്ന് പൊലീസ്. സ്ഥിരമായി വസ്തു ഇടപാടുകൾക്ക് ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്ന ഇയാളുടെ സ്വധീനമാണ് തട്ടിപ്പ് സാധ്യമാക്കിയതെന്നാണ് പൊലീസ് കരുതുന്നത്. വസ്തുവിന്റെ മുന്നാധാരം വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
കേസിലെ ഒന്നാം പ്രതി കൊല്ലം അലയമൺ ചെന്നപ്പേട്ട പച്ച ഓയിൽ പാം പുതുപ്പറമ്പിൽ മെറിൻ ജേക്കബ് (27) ആണ്. യുഎസിലുള്ള ഡോറ അസറിയ ക്രിപ്സിന്റെ വളർത്തുപുത്രിയാണ് മെറിൻ എന്നു സ്ഥാപിച്ചാണ് വിടും വസ്തുവും മെറിൻ്റെ പേരിലേക്കു മാറ്റിയതും പിന്നീട് ചന്ദ്രസേനൻ എന്നയാൾക്ക് ഒന്നരക്കോടി രൂപയ്ക്ക് വിറ്റതും. 22 വർഷം മുൻപ് നാട്ടിൽ വന്നുപോയ ഡോറയ്ക്ക് മെറിൻ ആരെന്നു പോലും അറിയില്ല. മെറിനെ ഇന്നലെയും സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.