സ്റ്റൈൽ മന്നന് 75-ാം പിറന്നാൾ: രജനീകാന്തിന് ആശംസകൾ നേർന്ന് സിനിമാലോകവും ആരാധകരും

 സ്റ്റൈൽ മന്നന് 75-ാം പിറന്നാൾ: രജനീകാന്തിന് ആശംസകൾ നേർന്ന് സിനിമാലോകവും ആരാധകരും

ചെന്നൈ:

തമിഴകത്തിൻ്റെ ‘സ്റ്റൈൽ മന്നൻ’ രജനീകാന്തിന് ഇന്ന് 75-ാം പിറന്നാളാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആരാധകരും സിനിമാലോകവും തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളും സൂപ്പർസ്റ്റാറിന് ആശംസകൾ നേർന്നു. അരനൂറ്റാണ്ട് കാലത്തെ അഭിനയ ജീവിതം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരത്തിൻ്റെ ആരാധകർ.

മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാൽ സോഷ്യൽ മീഡിയ വഴി രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നു. “സിനിമയെ പുനർനിർവചിച്ച, തലമുറകളെ പ്രചോദിപ്പിച്ച സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ” എന്ന് തെന്നിന്ത്യൻ നായിക സിമ്രാൻ എക്‌സിൽ കുറിച്ചു. എഐഎഡിഎംകെ നേതാവും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ. പളനിസ്വാമിയും ആശംസകൾ അറിയിച്ചു. രജനിയുടെ കടുത്ത ആരാധകനായ സംവിധായകൻ കാർത്തിക് സുബ്ബരാജ് സോഷ്യൽ മീഡിയ വഴി ആശംസകൾ അറിയിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ ഉടനീളം #HBDSuperstarRajinikanth എന്ന ഹാഷ്‌ടാഗുമായി ആരാധകർ പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ്.

  • അഭിനയ ജീവിതം: മഹാരാഷ്ട്ര പാരമ്പര്യത്തിൽ വേരുകളുള്ള രജനീകാന്തിനെ സ്വന്തം ഉയിരും മനസും നൽകിയാണ് തമിഴകം നെഞ്ചിലേറ്റിയത്. 1975-ൽ പുറത്തിറങ്ങിയ ‘അപൂർവ രാഗങ്ങൾ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്. വില്ലൻ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധനേടിയ താരം പിന്നീട് നായകനടനായി ഹിറ്റുകൾക്ക് തുടക്കമിട്ടു.
  • സൂപ്പർസ്റ്റാർ പദവി: 1980-കൾ രജനിയുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചപ്പോൾ, തൊണ്ണൂറുകളാണ് അദ്ദേഹത്തിലെ സൂപ്പർസ്റ്റാറിനെ ഉണർത്തിയത്. ‘പടയപ്പ’, ‘ബാഷ’, ‘ദളപതി’, ‘അണ്ണാമലൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പതിയെ സൂപ്പർസ്റ്റാർ പദവിയിലെത്തി. ‘ഏൻ വഴി തനി വഴി’ (എൻ്റെ വഴി ഒറ്റ വഴിയാണ്) എന്ന അദ്ദേഹത്തിൻ്റെ ഡയലോഗ് ആരാധകർ ഹൃദയം കൊണ്ട് സ്വീകരിച്ചു.
  • മാറ്റമില്ലാത്ത താരമൂല്യം: വേറിട്ട സ്‌റ്റൈലും അഭിനയ രീതിയും അദ്ദേഹത്തെ വേറിട്ടതും പ്രിയങ്കരനുമാക്കി. രജനീകാന്ത് നായകനായാൽ ബോക്‌സ് ഓഫീസ് കിലുങ്ങുമെന്ന വിശ്വാസം തമിഴ്‌ സിനിമയിൽ രൂഢമായി. ‘യന്തിരൻ’, ‘കബാലി’, ‘കാല’, ‘പേട്ട’, ‘ദർബാർ’, ‘അണ്ണാത്തെ’ തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററുകൾ പൂരപ്പറമ്പാക്കി.
  • ദേശീയ ബഹുമതികൾ: 2000-ൽ പത്മഭൂഷണും 2016-ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2021-ൽ ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫൽക്കെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News