കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; യുവാവ് തൂങ്ങിമരിച്ച നിലയിലും
കോട്ടയം:
കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുളപ്പുറം മോർക്കോലിൽ ഷേർലി മാത്യു (45) ആണ് മരിച്ചത്. ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവാവിനെ വീടിനുള്ളിലെ സ്റ്റെയർകേയ്സിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇയാൾ കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഷേർലിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ കാഴ്ച കണ്ടത്. ഷേർലിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
നാട്ടുകാരെ ഞെട്ടിച്ച സംഭവം
ഭർത്താവിൻ്റെ മരണത്തെത്തുടർന്ന് ആറുമാസം മുൻപാണ് ഷേർലി കുളപ്പുറത്തെ ഈ വീട്ടിലേക്ക് താമസം മാറിയതെന്ന് പ്രദേശവാസികൾ പറയുന്നു. ശാസ്ത്രീയ പരിശോധനകൾക്കും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മാത്രമേ മരണത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
