തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും
പന്തളം:
മകരവിളക്ക് ദിനമായ 14ന് ശബരിമല അയ്യപ്പ വിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്ന് വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിച്ചു. പകൽ 12 മണിവരെ തിരുവാഭരണം ദർശിക്കാനുള്ള സൗകര്യമുണ്ട്. ഒരു മണിയോടെ ശബരിമലയിലേക്ക് പുറപ്പെടും. തുടർന്ന് ഘോഷയാത്ര ഉള്ളന്നൂർ, ആറന്മുള, അയിരൂർ , പെരുനാട്, പ്ലാപ്പള്ളി, അട്ടത്തോട്, വലിയാനവട്ടം, ചെറിയാനവട്ടം കടന്ന് മൂന്നാംനാൾ ശരംകുത്തിയിലെത്തും. ഇവിടെ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഘോഷയാത്രയെ സ്വീകരിച്ച് ശബരിമല സന്നിധാനത്തെത്തിക്കും. ജനുവരി പതിനാലിന് സന്ധ്യയോടെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും.
