കള്ളക്കേസ് .ഗ്രോ വാസുവിനെ വെറുതെ വിട്ടു.സ്വയം വാദിച്ചു ജയിച്ചു. തൊണ്ണൂറ്റി നാലാംവയസിലും സൂപ്പർ ഹീറോ
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു (94) വിനെ വെറുതെവിട്ടു. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റവിമുക്തനാക്കിയത്. ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയ്യാറാകാതെ കഴിഞ്ഞ ഒന്നരമാസമായി വാസു ജയിലിൽ കഴിയുകയായിരുന്നു.
2016ൽ നിലമ്പൂർ കരുളായിയിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്ത് മാർഗതടസം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രോ വാസുവിനെതിരെ പോലീസ് കേസെടുത്തത്. കേസിൽ സഹകരിക്കാത്തതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഗ്രോ വാസുവിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിൽവാസം തിരഞ്ഞെടുക്കുകയായിരുന്നു.
പിണറായിഭരണത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയ്യാറാകാത്തതെന്നായിരുന്നു ഗ്രോ വാസുവിൻ്റെ വാദം. കഴിഞ്ഞദിവസം ഗ്രോ വാസുവിനെ സാക്ഷിമൊഴികൾ വായിച്ചു കേൾപ്പിച്ചിരുന്നു. എന്നാൽ തനിക്ക് സാക്ഷികളും തെളിവുകളും ഹാജരാക്കാനില്ലെന്നായിരുന്നു ഗ്രോ വാസു സ്വയം കോടതിയിൽ വാദിച്ചത്. കേസിലാകെ 20 പേരെയാണ് പ്രതിചേർത്തിരുന്നത്. ഇതിൽ 17 പേരെയും വെറുതെവിട്ടിരുന്നു. രണ്ടുപേരെ 200 രൂപ പിഴയടപ്പിച്ചും കുറ്റവിമുക്തരാക്കി. ഐപിസി 283, 143, 147 എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. ഇവ നിലനിൽക്കില്ലെന്ന് വീഡിയോ കോൺഫറൻസ് വഴി നടത്തിയ വിധി പ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി.പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി.
പേരിനുപിന്നിൽ
പൂർണ്ണനാമം അയിനൂർ വാസു , ഗ്രോ എന്നത് മാവൂരിലെ ഗ്വാളിയോർ റയേൺസിലെ തൊഴിലാളി സംഘടനയായ Gwalior Rayons Workers Organisation (GROW). എന്നതിൻറെ ചുരുക്ക രൂപമാണ്. ഗ്രോ യുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ് എ. വാസു. ഫാക്ടറി അടച്ചു പൂട്ടിയതിനെതിരെ നടന്ന സമരങ്ങൾ ഫലവത്താകാതിരുന്ന ഘട്ടത്തിൽ ഗ്രോ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഷ്ട്രീയപ്പാർടികളുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഈ സംഘടനയ്ക്ക് സാധിച്ചു. മാവൂർ സമരത്തെത്തുടർന്ന് ഗ്രോ വാർത്താപ്രാധാന്യം നേടിയതിനാൽ അതിന്റെ നേതാവായ എ. വാസു ഗ്രോ വാസു എന്ന പേരിലറിയപ്പെടുവാൻ തുടങ്ങി