എറണാകുളം ജില്ലയില്‍ ആദ്യമായി അപൂര്‍വരോഗമായ ലൈം രോഗം
കൊച്ചി:
എറണാകുളം ജില്ലയില്‍ ആദ്യമായി അപൂര്‍വരോഗമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. പെരുമ്പാവൂര്‍, കൂവപ്പടി സ്വദേശിയിലാണ് (56) ലൈം രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൊറേലിയ ബര്‍ഗ്ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേകതരം ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്.
ജില്ലയിൽ ആദ്യമായാണിത് സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇയാളെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും തലവേദനയും കാല്‍മുട്ടില്‍ നീരുമായാണ് 56 കാരന്‍ ചികിത്സയ്ക്കെത്തിയത്. അപസ്മാരത്തിന്‍റെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിക്കുകയും മെനിഞ്ചെറ്റിസ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്ന് സ്ഥിരീകരിച്ചത്. യൂറോപ്പിലും തെക്ക് മധ്യ, തെക്കുകിഴക്കൻ കാനഡയിലും ഇത് സാധാരണമാണ്.