കേന്ദ്ര സഹായം ഇത്തവണയും ഇല്ല, സപ്ലൈകോയ്ക്ക് 175കോടി അനുവദിച്ചു.
തിരുവനന്തപുരം :
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ നെൽ കൃഷിക്കാരിൽ നിന്നും സംഭരിച്ച നെല്ലിന് 175കോടി സബ്‌സിഡി അനുവദിച്ച് സംസ്ഥാന സർക്കാർ.ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങ് വില സഹായ കുടിശ്ശിക ഇത്തവണയും ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് അടിയന്തിരമായി ഈ തുക അനുവദിക്കേണ്ടിവന്നതെന്ന് മന്ത്രി വിശദീകരിച്ചു.ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നും ഇതുവരെ 900കോടി രൂപ താങ്ങുവില കുടിശ്ശികയുണ്ട്. 2017മുതൽ കേന്ദ്ര സഹായം ലഭിക്കാനുണ്ട്.സംസ്ഥാന സബ്‌സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും കൂടുതൽ വില ലഭ്യമാക്കുന്നതും കേരളത്തിലാണ്. കേന്ദ്രവിഹിതത്തെ കാത്തുനിൽക്കാതെയാണ് ഈ തുക അനുവദിച്ചത്.കേരളത്തിൽ പി ആർ എസ് വയ്പ്പാപദ്ധതിയിൽ ബാങ്ക് വഴി നെൽവില കർഷകർക്ക് ലഭ്യമാക്കും. പലിശയും മുതലും ചേർത്തുള്ള വായ്പതുക സർക്കാർ അടച്ചുതീർക്കും. കർഷകർക്ക് ലഭിക്കേണ്ട തുക തടസ്സം കൂടാതെ അവർക്ക് കിട്ടുകയും ചെയ്യും.വായ്പബാധ്യത കർഷകന് ഏറ്റെടുക്കേണ്ടിയും വരുന്നില്ല. കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുള്ള പദ്ധതി നിലവിലുള്ളത്.