ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി: നിർമ്മാതാവിന്റെ ഹർജി തള്ളി

82 പേജുകൾ ഒഴിവാകും, ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്ത് വിടുക
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി.
റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട് ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. റിപ്പോർട്ട് പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ വാദിച്ചു. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്ത് വിടുക.