പ്രാണപ്രതിഷ്ഠ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യം :ശശി തരൂർ.

സുൽത്താൻ ബത്തേരി :അയോദ്ധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായതിനാൽ അതിൽ കോൺഗ്രസ് പങ്കെടുക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ശശി തരൂർ എം പി അഭിപ്രായപ്പെട്ടു.രാമ ക്ഷേത്രത്തിന്റെ പേരിൽ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.താളൂരിൽ നീലഗിരി കോളേജിന്റെ എജു സമ്മിറ്റിൽ പങ്കെടുക്കവേ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.പുരോഹിതർക്ക് പകരം പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്.ധാരാളം ഹിന്ദു വിശ്വാസികൾ കോൺഗ്രസ്സിലുണ്ട്. ക്ഷേത്രത്തിൽ പോകുന്നത് ആരാധന നടത്താനാണെന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ക്ഷേത്രത്തിന്റെ നിർമാണം പൂർണമായിട്ടില്ലെന്നും ഇപ്പോൾ പ്രാണപ്രതിഷ്ഠ നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും ശശിതരൂർ പറഞ്ഞു.താൻ ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം രാമക്ഷേത്ര ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ വിശ്വാസികൾക്ക് പോകാൻ തടസ്സമില്ലെന്നും പാർട്ടി സാന്നിധ്യം വേണ്ടന്നുമാണ് തീരുമാനമെന്നും പാർട്ടിയുടെ നിലപാടിനെ അദ്ദേഹം ന്യായീകരിച്ചു.ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

