പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു

.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ 15 തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തൃശൂർ ലോക്സഭാ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും ജില്ലയിലേക്ക് എത്തുന്നത്. തൃശൂർ, ആലത്തൂർ, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ആലത്തൂർ മണ്ഡലത്തിന്‍റെ ഭാഗമായ കുന്നംകുളത്തെ ചെറുവത്തൂർ ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ആലത്തൂർ മണ്ഡലത്തിൽപ്പെടുന്ന സ്ഥലമാണെങ്കിലും ത്രികോണമത്സരം നടക്കുന്ന തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെയുടെ പ്രചരണത്തിനും ഇത് സഹായമാകുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.