പരീക്ഷാ കേന്ദ്രങ്ങളിൽ സ്റ്റാമ്പ് വിതരണം ചെയ്യാത്ത നടപടി വിജിലൻസ് അന്വേഷിക്കണം: സേവന അവകാശ സംരക്ഷണ സമിതി
കാഞ്ഞിരംകുളം :
എസ്എസ്എൽസി പരീക്ഷ വാലുവേഷൻ കേന്ദ്രങ്ങളിലേക്ക് ഉത്തരക്കടലാസുകൾ അയക്കുന്നതിന് സ്റ്റാമ്പ് ലഭ്യമാവാതെ അധികൃതർ അലഞ്ഞു. പരീക്ഷ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സ്കൂളുകളിൽ സ്റ്റാമ്പ് വിതരണം അധികൃതർ ചെയ്തിട്ടില്ല . സാധാരണ ജില്ലാ വിദ്യാഭ്യാസ ആഫീസർ മുഖാന്തരം പരീക്ഷ ആരംഭിക്കുന്ന ദിവസം തന്നെ കേന്ദ്രങ്ങളിൽ സ്റ്റാമ്പ് ആവശ്യത്തിന് നൽകിയിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ അന്വേഷിച്ചപ്പോൾ ഇതുവരെ സ്റ്റാമ്പുമായി ബന്ധപ്പെട്ട യാതൊരു തുകയും സർക്കാർ അനുവദിച്ചിട്ടില്ല എന്നും എപ്പോൾ ലഭ്യമാകുമെന്ന് യാതൊരു അറിവും ഇല്ല എന്നുമാണ് അറിഞ്ഞത്. ഇത് പരീക്ഷയുടെ കൃത്യമായ നടത്തിപ്പിന് കാരണമായി. 200 കുട്ടികൾ പരീക്ഷ എഴുതുന്ന ഒരു വിദ്യാലയത്തിൽ ഏതാണ്ട് 3600ലധികം രൂപയുടെ ചെലവ് വരും. ഇപ്പോൾ അതാത് പരീക്ഷകേന്ദ്രങ്ങളിലെ പ്രധാന അദ്ധ്യാപകരാണ് ഇതിനുള്ള ചെലവിടുന്നത്. പരീക്ഷ ഭവനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സ്റ്റാമ്പുകൾ യഥാസമയം പരീക്ഷകേന്ദ്രങ്ങളിൽ എത്തിക്കാൻ തടസ്സമായതെന്ന് ആരോപണമുണ്ട്. ഏഷ്യയിൽ ഏറ്റവും ഭംഗിയായും കൃത്യമായും നടത്തുന്ന പരീക്ഷകളിൽ ഒന്നായ കേരളത്തിലെ പൊതുപരീക്ഷയായ എസ്.എസ്എൽ.സി. ഇതിനെ അട്ടിമറിക്കാനുള്ള പരീക്ഷഭവനിലെ ചില തല്പരകക്ഷികളുടെ ശ്രമത്തെപ്പറ്റി വിജിലൻസ് അന്വേഷിച്ച് ശിക്ഷണ നടപടി എടുക്കണമെന്ന് സേവന അവകാശ സംരക്ഷണ സമിതി സെക്രട്ടറി അജികുമാർ ആവശ്യപ്പെട്ടു.