ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് തുടക്കമായി

പ്രയാഗ്‌രാജ്: ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തുടക്കമായി. തിങ്കളാഴ്‌ച പുലർച്ചെ, നടന്ന ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിന് സമീപമാണ് മഹാ കുംഭമേള നടക്കുന്നത്.
അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്താണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ശനിയാഴ്‌ച മുതൽ കുറഞ്ഞത് 85 ലക്ഷം പേരെങ്കിലും സംഗമസ്ഥാനത്ത് സ്‌നാനത്തിനെത്തിയിരുന്നു. ശനിയാഴ്‌ച 35 ലക്ഷം പേരാണ് സ്‌നാനം ചെയ്‌തത്, 50 ലക്ഷം പേർ ഞായറാഴ്‌ചയും പുണ്യസ്‌നാനം നടത്തി.

12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തായക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. കുംഭമേള വിജയിപ്പിക്കാൻ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതായി ഉത്തര്‍പ്രദേശ് സർക്കാരും വ്യക്തമാക്കി.
45 ദിവസം നീണ്ടുനിൽക്കുന്ന മേളയ്‌ക്കായി സംസ്ഥാന ബജറ്റ് 7,000 കോടി രൂപയാണെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് ഞായറാഴ്‌ച പറഞ്ഞിരുന്നു. കഴിഞ്ഞ കുംഭമേളയിൽ 24 കോടി തീർഥാടകരാണുണ്ടായത്. ഇത്തവണത്തേത് മഹാ കുംഭമേളയാണ്.
35 കോടിയിലധികം തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. ഇത്തവണ ഏകദേശം 4,000 ഹെക്‌ടറാണ് കുംഭമേളയ്‌ക്കായി ഒരുക്കിയത്. കഴിഞ്ഞ കുംഭമേള ഏകദേശം 3,200 ഹെക്‌ടർ സ്ഥലത്താണ് സജ്ജീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
