തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി; 244 കേന്ദ്രങ്ങളിൽ വിപുലമായ സജ്ജീകരണങ്ങൾ
തിരുവനന്തപുരം:
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായി. സംസ്ഥാനത്തുടനീളം 244 കേന്ദ്രങ്ങളിലായി വിപുലമായ ഒരുക്കങ്ങളാണ് വോട്ടെണ്ണലിനായി പൂർത്തിയാക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനം ജനങ്ങളിലേക്ക് തത്സമയം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്.
244 വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറമെ, 14 ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ കളക്ടറേറ്റുകളിലായിരിക്കും. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് കൗണ്ടിങ് ടേബിളിൽ വെക്കുന്ന കൺട്രോൾ യൂണിറ്റുകളിൽ സീലുകളും സ്പെഷ്യൽ ടാഗുകളും കൃത്യമായി ഉണ്ടെന്ന് ഉറപ്പുവരുത്തി. സ്ഥാനാർഥികളുടെയോ അവർ ചുമതലപ്പെടുത്തിയ കൗണ്ടിങ്, ഇലക്ഷൻ ഏജൻ്റുമാരുടെയോ സാന്നിധ്യത്തിൽ ഇത് പരിശോധിച്ച ശേഷമാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്.
വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഇത് പൂർത്തിയായ ശേഷമായിരിക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങുക. ഓരോ ടേബിളിലും സ്ഥാനാർഥിയുടെയോ നിയോഗിക്കപ്പെട്ട കൗണ്ടിങ് ഏജൻ്റുമാരുടെയോ സാന്നിധ്യം വോട്ടെണ്ണൽ സുതാര്യമാക്കാൻ ഉറപ്പാക്കിയിട്ടുണ്ട്.
