ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല.
തിരുവനന്തപുരം:
ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷൻ പ്രതികൾക്കനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയാണ് എസ്എഫ്ഐയുടേത് പ്രതിഷേധം മാത്രമായേ കാണാനാകൂവെന്നും മറ്റു രീതിയിൽ വ്യാഖ്യാനിക്കാനാകില്ലെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) നിലപാടെടുത്തത്.
ഗവർണറുടെ കാറിന് സംഭവിച്ച നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഏതാണ്ട് ഒരേനിലപാടാണ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറും പ്രതികളുടെ അഭിഭാഷകനും സ്വീകരിച്ചത്.124 ആം വകുപ്പ് നിലനിൽക്കുമോ എന്ന സംശയമാണ് പ്രോസിക്യൂഷൻ പ്രകടിപ്പിച്ചത്. പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചു. ഗവർണ്ണർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പോകുകയാണെന്ന പൊലീസ് റിപ്പോർട്ടില്ലെന്നനും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.