മമ്മൂട്ടിയും മോഹൻലാലും വാട്സാപ്പ് ചാനൽ തുടങ്ങി.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ് ഇന്ത്യയിൽ ഉൾപ്പെടെ 150ൽ അധികം രാജ്യങ്ങളിൽ വാട്സ്ആപ്പ് ചാനൽസ് (WhatsApp Channels) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ചാനലുകൾ ഇൻസ്റ്റഗ്രാം പേജ് പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. സെലിബ്രറ്റികളെ ഫോളോ ചെയ്യാനും അവരുടെ അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ സാധിക്കുന്നു. ഇതിനകം തന്നെ ഇന്ത്യയിലെ നിരവധി സെലിബ്രറ്റികൾ വാട്സ്ആപ്പ് ചാനൽസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
വാട്സ്ആപ്പ് ചാനൽസ് എന്നത് ആപ്പിനുള്ളിൽ തന്നെയുള്ള വൺ-വേ ബ്രോഡ്കാസ്റ്റ് ടൂളാണെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്ന ഒരു പുതിയ പ്രൈവറ്റ് മാർഗമായിട്ടാണ് വാട്സ്ആപ്പ് ചാനൽസ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വാട്സ്ആപ്പ് ചാനൽസിൽ മെറ്റയുടെ വാർത്തകളും അപ്‌ഡേറ്റുകളും പങ്കിടാനാണ് തന്റെ ചാനൽ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാനൽസിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും സ്വകാര്യതയുള്ള ബ്രോഡ്കാസ്റ്റ് സേവനം നിർമ്മിക്കുക എന്നതാണ് വാട്സ്ആപ്പ് ലക്ഷ്യമിട്ടതെന്ന് കമ്പനി അറിയിച്ചു. ചാനൽസ് ചാറ്റുകളിൽ നിന്ന് വ്യത്യസ്‌തമാണ്. നിങ്ങൾ ആരെയാണ് ഫോളെ ചെയ്യുന്നത് എന്ന കാര്യം അയാളെ ഫോളോ ചെയ്യുന്ന മറ്റ് ആളുകൾക്ക് കാണാനാകില്ല. അഡ്മിൻമാരുടെയും ഫോളോവേഴ്‌സിന്റെയും പേഴ്സണൽ വിവരങ്ങളും വാട്സ്ആപ്പ് ചാനൽസിൽ സുരക്ഷിതമായിരിക്കുമെന്ന് വാട്സ്ആപ്പ് പുറത്ത് വിട്ട പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ കത്രിന കൈഫ്,ദിൽജിത് ദോസഞ്ച്,അക്ഷയകുമാർ തുടങ്ങിയവരും ലോകമെമ്പാടുമുള്ള ചില പ്രമുഖ താരങ്ങൾ ,ചിന്തകർ ,നേതാക്കൾ ,സ്പോർട്സ് താരങ്ങൾ ,സ്പോർട്സ് ടീമുകൾ ,സംഘടനകൾ എന്നിവ ഇതിനകം തന്നെ വാട്സാപ്പ് ചാനലിൽ എത്തി കഴിഞ്ഞു .