സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ്

ന്യൂഡൽഹി:
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ 11 മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടർന്ന് പൊതുദർശനം നടക്കും.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികൾ ആർപ്പിക്കും. എകെജി സെന്ററിൽ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് എയിംസിൽ മൂന്നാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. എംബാം ചെയ്ത് എയിംസിൽ സൂക്ഷിച്ച മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. തുടർന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോൽപൽ ബസു, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം വിജൂ കൃഷ്‌ണൻ എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. തുടർന്ന് മൃതദേഹം വൈകിട്ട് ജെഎൻയു ക്യാംപസിലേക്ക് കൊണ്ടുവന്നു.
യെച്ചൂരിയുടെ സമരജീവിതത്തിന് തുടക്കമിട്ട ജെഎൻയു അദ്ദേഹത്തിന് ഇന്നലെ വികാരനിർഭരമായ യാത്രയയപ്പ് നല്‍കി. വിദ്യാർത്ഥി യൂണിയൻ ഹാളിലാണ് വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.‘ലാൽ സലാം, ലാൽ സലാം’, ‘കോമ്രേഡ് സീതാറാം യെച്ചൂരി അമർ രഹെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാര്‍ത്ഥികൾ യാത്രയയപ്പ് നല്‍കിയത്.