നിറം കുറഞ്ഞതിന്റെ പേരിൽ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തി; മലപ്പുറത്ത് നവവധു ജീവനൊടുക്കിയ നിലയിൽ

മലപ്പുറം:
മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് ശഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേ കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്താൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം അറിയിച്ചു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബം ആരോപണം ഉയർത്തിയിരിക്കുന്നത്. 2024 മെയ് 27 ന് ആയിരുന്നു ശഹാനയുടെ വിവാഹം.
നിറത്തിന്റെ പേരിൽ വാഹിദ് നടത്തുന്ന കുറ്റപ്പെടുത്തലുകൾക്ക് വാഹിദിന്റെ രക്ഷിതാക്കളും പിന്തുണ നൽകിയെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നിറത്തിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു എന്നും ശഹാനയുടെ കുടുംബം പറയുന്നു
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത് എന്നും കുടുംബത്തിൻറെ പരാതി അന്വേഷിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.