ജിഎസ്ടി പരിഷ്കരണത്തിലൂടെ കേരളത്തിലെ ലോട്ടറി മേഖലയ്ക്ക് സംഭവിച്ചത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ സംസ്ഥാന സർക്കാരിനുണ്ടാക്കുന്നത് 3.35 കോടി രൂപയുടെ നഷ്ടമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്. ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗൺസിലിനോടും ലോട്ടറിയുടെ ജിഎസ്ടി വർധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിൻ്റെ ഭാഗമായാണ് ലോട്ടറി മേഖലയിൽ നികുതി വർധനവിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
