ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

റെയിൽവേ മേൽപ്പാലത്തിന്റെ ഉൽഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു .
ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഉത്സവ ആഘോഷ തിമിർപ്പിൽ ടൌൺ ഹാൾ വളപ്പിൽ ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂരിന്റെ സ്വപ്ന പദ്ധതിയായ റെയിൽവേ മേൽപ്പാലത്തിന്റെ ഉൽഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . ടൗൺഹാളും പരിസരവും വാദ്യമേളവും കാവടിയാവും കൊണ്ട് പുളകിതമായപ്പോൾ ഗുരുവായൂർ ആനന്ദ ലഹരിയിലമർന്നു. . ആയിരക്കണക്കിന് ജനങ്ങളാണ് ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ബസിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണ്. ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവൽ ക്രോസ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമിക്കും. നവകേരള സദസിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റവന്യൂ മന്ത്രി കെ രാജൻ, മുൻ എംഎൽഎ കെ വി അബ്ദുൽഖാദർ ,ടിഎൻ പ്രതാപൻ എംപി, എൻകെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു .


