ഇസ്രായേൽ ആക്രമണo;ഗാസയിലെ മരണസംഖ്യ 40,000 കടന്നു
ഗാസ:
ഒക്ടോബർ ഏഴിന് ശേഷം ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 40,000 കടന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് മരണസംഖ്യയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
40,005 ആണ് നിലവിലെ മരണസംഖ്യ. ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 1.7 ശതമാനം ആളുകളാണ് ഇതോടെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവീണത്. ഇവരിൽ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ. ആശുപത്രികളിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ മാത്രമാണ് ഇവ എന്നതിനാൽ അനൗദ്യോഗികമായി ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഗാസയിലെ 60 ശതമാനത്തോളം കെട്ടിടങ്ങളും ഇതുവരെ തകർന്നതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിലെ ജനവാസ മേഖല ആക്രമിച്ച് 1200 ഓളം പേരെ വെടിവെച്ച് കൊലപ്പെടുത്തുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിനുശേഷമാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. ഇനിയും 111 ബന്ദികളെ ഹമാസ് സ്വതന്ത്രരാക്കിയില്ലെന്നും ഇതിൽ 39 പേരുടെ മൃതദേഹം കൂടി ഉൾപ്പെടുന്നു എന്നും ഇസ്രായേൽ പറയുന്നു. 111 ബന്ധുക്കളിൽ 15 പേർ സ്ത്രീകളും 2 കുട്ടികളും ഉണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.