പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗം : ബോംബെ ഹൈക്കോടതി

10 വർഷത്തെ തടവ് ശരിവെച്ച് ഹൈകോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാമെന്നും ബോംബെ ഹൈക്കോടതി. ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്ന് ഹൈകോടതി പറഞ്ഞു. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി വിധി.
ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെന്നാണ് കേസ്. വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി കടന്നുപോയ മോശം അനുഭവങ്ങൾ ഇല്ലാതാകുന്നില്ലെന്നും സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പ്രതി അവകാശപ്പെടുന്നത് വാദത്തിനു വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയാണ് പരാതിക്കാരി. പിതാവും സഹോദരിമാരും മുത്തശ്ശിയും അടങ്ങുന്നതാണ് കുടുംബം. അയൽക്കാരനാണ് കേസിൽ പ്രതിയായത്. 2019ലാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകുന്നത്. ഇതിന് നാല് വർഷം മുമ്പുതന്നെ പരാതിക്കാരനുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാൽ ശാരീരിക ബന്ധത്തിന് പെൺകുട്ടി തയാറായിരുന്നില്ല.