ട്രംപും പുടിനും അലാസ്‌കയിൽ

അങ്കറേജ് (അലാസ്ക):
യുക്രെയ്ൻ യുദ്ധത്തിനും യൂറോപ്യൻ സുരക്ഷയ്ക്കും നിർണായകമായേക്കാവുന്ന ഉച്ചകോടിക്കായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും അലാസ്കയിലെത്തി. കൂടിക്കാഴ്ചയിൽ നിന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയെ ഒഴിവാക്കിയത് “യുക്രെയ്നെക്കുറിച്ചുള്ള കാര്യങ്ങൾ യുക്രെയ്ൻ ഇല്ലാതെ” എന്ന പാശ്ചാത്യ നയത്തിന് കനത്ത തിരിച്ചടിയായി. ഉച്ചകോടിക്ക് ശേഷം എപ്പോൾ വേണമെങ്കിലും സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.
അലാസ്കയിലെ പ്രാദേശിക സമയം വെള്ളിയാഴ്ച 11.30നാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ ശനിയാഴ്ച പുലർച്ചെ (16.08.25) 12.30ന് ട്രംപും പുടിനും കൂടിക്കാഴ്ച നടത്തും. പ്രസിഡൻ്റായി വീണ്ടും അധികാരമേറ്റ ശേഷം ട്രംപും പുടിനും ആദ്യമായാണ് നേരിട്ട് കാണുന്നത്. യുക്രെയ്നിൻ്റെ ഭാവിക്കും താരിഫ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും ഈ ഉച്ചകോടി നിർണായകമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കയിലേക്ക് പുറപ്പെട്ട പുടിൻ റഷ്യയുടെ കിഴക്കൻ നഗരമായ മഗദാനിൽ ഇറങ്ങിയത് ശ്രദ്ധേയമായി. രണ്ടാം ലോകമഹായുദ്ധകാലത്തെ യുഎസ്-സോവിയറ്റ് സഹകരണത്തിൻ്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച സ്മാരകത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അങ്കറേജ് മഗദാനുമായുള്ള സിസ്റ്റർ സിറ്റി ബന്ധം നിർത്തിവച്ചിരുന്നു.
ഉച്ചകോടിക്കായി പുടിൻ അലാസ്ക തെരഞ്ഞെടുക്കാൻ ഒരു ചരിത്രപരമായ കാരണമുണ്ട്. 1867ൽ റഷ്യയിൽ നിന്നാണ് യുഎസ് അലാസ്ക വാങ്ങിയത്. യുക്രെയ്നിൻ്റെ പ്രദേശങ്ങളിൽ റഷ്യ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ ഈ കരാറിന് വലിയ പ്രാധാന്യമുണ്ട്.