താരസംഘടനയായ അമ്മയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി; 58.89 ശതമാനം പോളിംഗ്; വോട്ടെണ്ണൽ 2ന്

താരസംഘടനയായ അമ്മയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി; 58.89 ശതമാനം പോളിംഗ്; വോട്ടെണ്ണൽ 2ന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വോട്ടെടുപ്പ് പൂർത്തിയായി. ഉച്ചയ്ക്ക് 1ന് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 506 പേരിൽ 298 പേർ വോട്ട് ചെയ്തു. 58.89 ശതമാനം പോളിങ്. രണ്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. നാലുമണിക്കാകും ഔദ്യോഗിക ഫലപ്രഖ്യാപനം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സൂപ്പർ താരങ്ങളിൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തി. സ്ഥലത്തില്ലാത്തതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയില്ല. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി വോട്ട് ചെയ്തു.
ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അൻസിബ ഹസൻ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.