ഐഎഫ്എഫ്‌കെ വിവാദം: അനുമതി നിഷേധത്തിൽ രൂക്ഷ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

 ഐഎഫ്എഫ്‌കെ വിവാദം: അനുമതി നിഷേധത്തിൽ രൂക്ഷ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം:

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFK) സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. അനുമതി നിഷേധിക്കപ്പെട്ട സിനിമകൾ താൻ കണ്ടിട്ടുള്ളതാണെന്നും, പ്രദർശനാനുമതി നിഷേധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ചലച്ചിത്രമേളയെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും, ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് ഈ നടപടിക്ക് പിന്നിലെന്നും അടൂർ കുറ്റപ്പെടുത്തി.

“ബീഫ് എന്ന് പേര് കാണുമ്പോഴേക്ക് അനുമതി നിഷേധിക്കുന്നത് അറിവുകേട് കൊണ്ടാണ്. ഞങ്ങള്‍ അടക്കം അനലൈസ് ചെയ്ത് പഠിച്ച സിനിമകളാണ് പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത്. തീർച്ചയായും പ്രതിഷേധം ഉണ്ടാകും. സിനിമയുടെ ചരിത്രത്തിലെ ക്ലാസിക്ക് ചിത്രങ്ങൾക്കാണ് അനുമതി നിഷേധിക്കുന്നത്. അത് ശരിയല്ല. സിനിമയുടെ പാഠപുസ്തകമാണ് ഇത്തരം സിനിമകൾ,” അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്രസർക്കാർ 19 സിനിമകൾക്കാണ് ഇന്ന് പ്രദർശനാനുമതി നിഷേധിച്ചതെന്ന വാർത്തകളാണ് പുറത്തുവന്നത്. ‘ദി ഗ്രേറ്റ് ഡിക്റ്റേറ്റർ’ അടക്കമുള്ള ചിത്രങ്ങൾ പട്ടികയിലുണ്ടെങ്കിലും, നിഷേധിക്കപ്പെട്ടതിൽ ഭൂരിപക്ഷവും പലസ്തീൻ അനുകൂല ചിത്രങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.

പ്രതിഷേധം ശക്തമാവുന്നു

സംവിധായകൻ ടി.വി. ചന്ദ്രൻ കാര്യങ്ങളുടെ പോക്കിനെ “ഭയാനകമാണ്” എന്ന് വിശേഷിപ്പിച്ചു. “ഇത് തുടക്കം മാത്രമാണ്. കാര്യങ്ങൾ ഇതിനപ്പുറം പോകും. സിനിമയെ മൊത്തമായി നിരാകരിക്കുകയാണ്. ഇനി ഗാന്ധിയെപ്പറ്റി സംസാരിക്കരുതെന്ന് പറയും. അതിലേക്കാണ് കാര്യങ്ങൾ പോകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലർക്കുമാരാണ് ഇതൊക്കെ നോക്കുന്നത് എന്നും, നമ്മൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്കാദമിയുടെ ഭാഗത്തുനിന്നുള്ള പിഴവല്ലിതെങ്കിലും അനുമതി നിഷേധിച്ചതിലുള്ള പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് നടൻ സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു.

നിലവിൽ ഒൻപത് ചിത്രങ്ങൾക്കാണ് ഇന്ന് പ്രദർശനാനുമതി ലഭിക്കാതെ പോയതെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അറിയിച്ചു. ബാക്കി ചിത്രങ്ങൾക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാദമി എന്നും, അതിനായുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News