ഇലക്ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി:
ജനാധിപത്യത്തെ പണാധിപത്യത്തിന് കീഴിലാക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി ഭരണഘടനാബഞ്ച് റദ്ദാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പെന്ന ഭരണഘടനാ സങ്കൽപ്പത്തിന് തുരങ്കം വയ്ക്കുന്നതാണ് ഇലക്ടറൽ ബോണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഭൂഷൺ ആർ ഗവായ്, ജെബി പർധിവാല, മനോജ് മിശ്ര എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റംഗങ്ങൾ. സംഭാവനയുടെ പൂർണ വിവരം മാർച്ച് ആറിനുള്ളിൽ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണം. പണത്തിന്റെ ഉറവിടം വോട്ടർമാർ അറിയണമെന്നും ചീഫ് ജസ്റ്റിസ് വിധിച്ചു.