നിപ ജാഗ്രത;നബിദിന ഘോഷയാത്രയ്ക്ക് വിലക്ക്
മലപ്പുറം :
വണ്ടൂർ തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വി.ആർ. വിനോദ് ഇന്നലെ തന്നെ അറിയിച്ചിരുന്നു.
തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും.
വണ്ടൂർ തിരുവാലി പഞ്ചായത്തിലെ നടുവത്ത് ചെമ്മരം ശാന്തിഗ്രാമം സ്വദേശിയായ 24 കാരനാണ് കടുത്ത പനി മൂലം ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചത്. ബെംഗളൂരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എം എസ് സി സൈക്കോളജി വിദ്യാർത്ഥിയായിരുന്നു. ഫുട്ബാൾ കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ആഗസ്റ്റ് 22 നാണ് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് പോന്നത്. ആഗസ്റ്റ് 23 ന് പുലർച്ചെ വീട്ടിലെത്തി. ഇതിനിടെ ഈ മാസം മൂന്നിനാണ് പനി ബാധിച്ചത്.
പനി മൂർച്ഛിച്ചതിനെ തുടർന്ന് ആഗസ്റ്റ് ആറിന് നടുവത്ത് ഫാസിൽ ക്ലിനിക്കിൽ ചികിത്സ തേടി. മഞ്ഞപിത്തമുണ്ടെന്ന സംശയത്തെ തുടർന്ന് ഇതേ ദിവസം കാളികാവിലെ ഒരു പാരമ്പര്യ വൈദ്യന്റെ അടുത്തും ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നുള്ള മടക്കത്തിൽ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂർ ജാഫർ മെഡിക്കൽ സെന്ററിലും ചികിത്സ തേടി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏഴാം തിയതി വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ വൈകിട്ടോടെ ഐ സി യു വിലേക്ക് മാറ്റി.