സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

ന്യൂഡൽഹി:
സിവിൽ സർവീസ് 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറാണ് നാലാം റാങ്ക് നേടിയത്. 2022ൽ 121-ാം റാങ്ക് നേടിയ സിദ്ധാർഥ് നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാർഥിന്റെ നാലാം സിവിൽ സർവീസ് നേട്ടമാണിത്.
ആദ്യ നൂറിൽ നിരവധി മലയാളികൾ ഇടംപിടിച്ചു. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പിപി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബെൻജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ചിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍.
മെയ് ഇരുപതിനാണ് പ്രിലിംസ് പരീക്ഷ നടത്തിയത്. സെപ്തംബറിൽ മെയിൻ പരീക്ഷയും നടത്തി. മെയിൻ പരീക്ഷയിൽ വിജയിച്ചവർക്ക് ജനുവരി രണ്ട് മുതൽ ഏപ്രിൽ ഒമ്പത് വരെയായിരുന്നു അഭിമുഖം. സിവിൽ സർവീസ് പരീക്ഷാ ഫലം അറിയുന്നതിന് യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://upsc.gov.in/ സന്ദർശിക്കാം.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൽട്രൽ സർവീസസ് (ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി) എന്നീ വിഭാഗങ്ങളിലേക്കുള്ള മെറിറ്റ് ലിസ്റ്റാണ് യുപിഎസ്സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊത്തം 1016 ഉദ്യോഗാർഥികൾ പട്ടികയിൽ ഇടംപിടിച്ചു. ജനറൽ വിഭാഗത്തിൽ 37 പേരും ഇഡബ്യുഎസ് വിഭാഗത്തിൽ 115 പേരും ഒബിസി വിഭാഗത്തിൽ 303 പേരും എസ്‍സി വിഭാഗത്തിൽ 165 പേരും എസ്ടി വിഭാഗത്തിൽ 86 പേരും പട്ടികയിൽ ഉൾപ്പെടുന്നു. 240 പേരുടെ റിസർവ് ലിസ്റ്റും യുപിഎസ്സി തയ്യാറാക്കിയിട്ടുണ്ട്. ആകെ 1143 ഒഴിവുകളാണ് ഉള്ളത്.