9 രാജ്യസഭാ സീറ്റുകളിൽ 5 പേരും മുസ്ലീങ്ങള്‍:വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ:
കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവും വെള്ളാപ്പള്ളി എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്‍റെ എഡിറ്റോറിയലില്‍ ആവര്‍ത്തിച്ചു. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും അവർ ബിജെപിയെ രക്ഷകരായി കണ്ടെന്നും ലേഖനത്തില്‍ വെള്ളാപ്പള്ളി പറയുന്നു.
ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ലിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിര്‍ദേശം ചെയ്ത കാര്യം താന്‍ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ ആകെയുള്ള 9 രാജ്യസഭാ സീറ്റുകളിൽ അഞ്ചുപേരും മുസ്ലീങ്ങളാണ്. രണ്ടുപേർ ക്രിസ്ത്യാനികളുമാണ്. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് രണ്ട് മുന്നണികളും കൂടി നല്‍കിയത് രണ്ടേ രണ്ട് സീറ്റുകളാണ്.