പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു

കൊച്ചി :
പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന് മകനാണ്.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ ജി ജയൻ നവതി ആഘോഷിച്ചത്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം അദ്ദേഹം നടത്തിയ നിരവധി കച്ചേരികൾ ശ്രദ്ധേയമായിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ.
ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. 2019 ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം അവാർഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ൽ പത്മശ്രീ ലഭിച്ചു.
1934 നവംബർ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്നം കെ.ജി. ജയനും സഹോദരൻ വിജയനും. ദക്ഷിണേന്ത്യയിൽ അവരുടെ ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കർണാടക ഗായകരുടെ കീഴിൽ സംഗീത പരിശീലനം നേടിയിട്ടുണ്ട്.
ജയവിജയൻ എന്നറിയപ്പെട്ടിരുന്ന ഇവർ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലുള്ള പരിശീലനകാലത്ത് പാട്ടുകൾ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയിരുന്നു. വിജയൻ 1986-ൽ അന്തരിച്ചു. ‘നക്ഷത്രദീപങ്ങൾ’, ‘മാണിക്യവീണ’, ‘ശ്രീകോവിൽ നടതുറന്നു’, ‘മാളികപ്പുറത്തമ്മ’ തുടങ്ങിയവ അവരുടെ രചനകളിൽ ചിലതാണ്.