തരൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ

സംസ്ഥാനം എല്ലാ മേഖലയിലും വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പുരോഗതിയെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിച്ചതിന് എന്തെല്ലാം പുകിലുകളാണ് ഉണ്ടായതെന്നും കേരളത്തിലെ കോൺഗ്രസുകാർ മറച്ചു പിടിക്കാൻ ശ്രമിച്ച വസ്തുതകൾ പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങൾ അഴിച്ചുവിടാൻ വല്ലാത്ത താത്പര്യമാണ് ചിലർ കാണിക്കാറ്. കേരളം വ്യവസായ സൗഹൃദമല്ല എന്ന് ഒരാൾ പരസ്യമായി പറയുകയാണ്. നമ്മുടെ സംസ്ഥാനത്ത് മന്ത്രി പദവിയുള്ളയാളാണ് അദ്ദേഹം. അസംബ്ലിയിൽ പ്രതിപക്ഷനേതാവാണ് അദ്ദേഹം. കേരളത്തിന്റെ പ്രതിപക്ഷം അല്ലല്ലോ. അസംബ്ലിയിൽ ഭരണപക്ഷം ഉള്ളതുകൊണ്ടാണല്ലോ പ്രതിപക്ഷം ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി. അപ്പോഴത് ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷം മാത്രമല്ലേയെന്നും പ്രതിപക്ഷനേതാവ് നാടിന്റെ പ്രതിപക്ഷമായി മാറാൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.