നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം പ്രതിപക്ഷ നേതാക്കള്‍ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്

വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)


കേരളം നടുങ്ങിയ കുന്നംകുളത്തേത് ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനുകളില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്. നൂറു കണക്കിനു പേരാണ് സി.സി ടി.വി ഫൂട്ടേജിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. ഫൂട്ടേജുകളൊക്കെ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സെപ്തംബര്‍ മൂന്നാം തീയതി സംഭവം പുറത്തുവരുന്നത് മുതല്‍ ഇന്നു വരെ ആഭ്യന്ത്ര മന്ത്രിയായ മുഖ്യമന്ത്രി ഒട്ടകപക്ഷി തല മണ്ണില്‍ പൂഴ്ത്തിവച്ചതു പോലെ മിണ്ടാതിരിക്കുകയായിരുന്നു. നിയമസഭയില്‍ ദീര്‍ഘമായ പ്രസംഗം നടത്തിയ മുഖ്യമന്ത്രി, 1920 മുതലുള്ള കഥകള്‍ വിശദീകരിക്കാനാണ് ശ്രമിച്ചത്. അഞ്ച് മിനിട്ട് മാത്രമാണ് നിലിവുള്ള സംഭവങ്ങളെ കുറിച്ച് സംസാരിച്ചത്. എന്നാല്‍ ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പീച്ചിയിലെ സംഭവത്തില്‍ ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്കാണ് സ്ഥലം മാറ്റം നല്‍കിയത്. മൂവാറ്റുപുഴയിലും കേസില്ല. കുന്നംകുളത്ത് ഉത്തരവാദികളായവരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ സനീഷ് കുമാര്‍ ജോസഫും എ.കെ.എം അഷറഫും അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്. കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകും. സെല്‍ഭരണത്തിനുള്ള അവസരമാണ് മുഖ്യമന്ത്രി ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തിയുള്ള ശക്തമായ പോരാട്ടം യു.ഡി.എഫ് സംഘടിപ്പിക്കും.

പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)
പൊലീസുകാര്‍ പണം വാങ്ങുന്നത് കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ കണ്ടതാണ്. അടിക്കുന്നതും തൊഴിക്കുന്നതും ജനങ്ങള്‍ കണ്ടതാണ്. ഇത്രയും തെളിവുകളുണ്ടായിട്ടും അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ചരിത്രം പറഞ്ഞതല്ലാതെ മുഖ്യമന്ത്രി കസ്റ്റഡി മര്‍ദ്ദനത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.

രമേശ് ചെന്നിത്തല


പ്രതിപക്ഷം ഉന്നയിച്ച ഒരു വിഷയത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ചതു സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ മുഖ്യമന്ത്രി ആകെ മൂന്നു മിനിട്ട് മാത്രമാണ് സംസാരിച്ചത്. കേരളത്തിലെ പൊലീസ് സേനയിലെ കുറ്റക്കാരായ 118 പേരെ പിരിച്ചു വിട്ടത് പിണറായി വിജയന്‍ സര്‍ക്കാര്‍ മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് തെറ്റാണ്. എല്ലാ സര്‍ക്കാരുകളുടെ കാലത്തും കുഴപ്പക്കാരായ പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. കൂത്തുപറമ്പിലെ രക്തസാക്ഷികളെ ഓര്‍ത്ത് വേണമായിരുന്നു മുഖ്യമന്ത്രി സംസാരിക്കാന്‍. കൂത്തുപറമ്പ് വെടിവെയ്പ്പിന് നേതൃത്വം നല്‍കിയ ആളെ ഡി.ജി.പിയായി വച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഞങ്ങളോട് സംസാരിച്ചത്. നാട്ടിലെ ക്രമസമാധാനം തകര്‍ന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ബ്രിട്ടീഷുകാരുടെ പൊലീസിനെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. കുറ്റക്കാരെ പൊലീസില്‍ നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മോന്‍സ് ജോസഫ്


കസ്റ്റഡി മര്‍ദ്ദനങ്ങളും മരണങ്ങളും ഉള്‍പ്പെടെ ഇത്രയും അപമാനകരമായ സാഹചര്യം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കുറ്റവാളികളായ പൊലീസുകാരെ മുഴുവന്‍ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News