വന നിയമ ഭേദഗതിയിൽ നിന്നു പിന്മാറി സർക്കാർ

തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ നിന്നു പിന്മാറി സർക്കാർ. നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘കർഷകരുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നു. ഇവ പരിഹരിക്കാതെ നിയമം നടപ്പിലാക്കില്ല. കർഷക താത്‌പര്യങ്ങൾക്കെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല. എല്ലാ നിയമവും മനുഷ്യരുടെ നിലനിൽപിനും പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
‘1961 ലെ കേരളാ വന നിയമത്തിന്‍റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്‌മെന്‍റ്) തയ്യാറാക്കിയ കരട് ബില്ലിലാണ് തുടക്കം.
മനപൂര്‍വ്വം വനത്തില്‍ കടന്ന് കയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവര്‍ വനത്തിനുള്ളില്‍ വാഹനം നിർത്തുക, വനത്തില്‍ പ്രവേശിക്കുക എന്നതെല്ലാം കുറ്റമാക്കുന്നത് ആണ് ഈ ഭേദഗതി. അതിന്‍റെ തുടര്‍ നടപടികളാണ് പിന്നീട് ഉണ്ടായത്.ഇപ്പോള്‍ വന നിയമ ഭേദഗതി സംബന്ധിച്ച നിര്‍ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അത്തരം ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല’ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.