ഷോക്കേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട വടശ്ശേരിക്കരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്. വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന കേബിളിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ വടശ്ശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ചൊവ്വാഴ്ച രാത്രി 11ന് വടശ്ശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. പാലത്തോട് ചേർന്നുള്ള വൈദ്യുത തുണിന് സമീപമിരുന്ന് മൂത്രമൊഴിക്കുമ്പോഴായിരുന്നു ഷോക്കേറ്റത്. കഴിഞ്ഞ മണ്ഡലകാലത്ത് വടശേരിക്കര പാലത്തിൽ താത്കാലികമായി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് ഇവ മാറ്റിയെങ്കിലും കേബിളുകൾ മാറ്റയിരുന്നില്ല. ഇതിൽ പൊട്ടിക്കിടന്ന കേബിളിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.