ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു; അറസ്ററ് ചെയ്യാൻ സാധ്യത
തിരുവനന്തപുരം:
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായി സൂചന. പോറ്റിയുൻ്റെ തിരുവനന്തപുരം കിളിമാനൂരിലുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നുച്ചയ്ക്ക് 12ന് ആണ് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പോറ്റിയുൻ്റെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഏതാനും ദിവസങ്ങളായി സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാമെന്ന നിഗമനത്തിലായിരുന്നു സംഘം. ദ്വാരപാലക ശിൽപത്തിലെയും കട്ടിളകളിലെയും സ്വർണം ഉരുക്കിയെടുത്തത് എവിടെവച്ച് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനും ഉരുക്കി വേർതിരിച്ച സ്വർണം ആർക്കൊക്കെ കൈമാറ്റം ചെയ്തു, എവിടെയൊക്കെ സ്വർണപ്പാളി കൊണ്ടുപോയി എന്നതിലടക്കം സംഘം വ്യക്തത വരുത്തും. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചെമ്പുപാളികളിൽ സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലടക്കം സംഘം പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ ശബരിമലയിലെ സ്വർണം കാണാതായ സംഭവത്തിൽ രണ്ട് എഫ്ഐആറുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത് റാന്നി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഈ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിക്കാനാണ് പ്രത്യേക സംഘം ആലോചിക്കുന്നത്. ആദ്യം ശ്രീകോവിലിനു മുന്നിലെ സ്വർണപ്പാളികകൾ 2019ൽ ഇളക്കിയെടുത്ത് സ്വർണം പൂശാനായി കൊണ്ടുപോയി. പിന്നാലെ ദ്വാരപാലക ശിൽപങ്ങൾ ഇളക്കിയെടുത്തു. ഈ രണ്ടു സംഭവങ്ങളിലെയും സ്പോൺസറാണ് ഉണ്ണികൃഷ്ണൻ പോറ്റി. ഇത്തരത്തിൽ പാളികളും ശിൽപങ്ങളും ഇളക്കിയെടുക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചതിൽ ആർക്കൊക്കെ പങ്കുണ്ടെന്നും ഈ ഗൂഢാലോചനയിൽ ആർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്താനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.
