വട്ടിയൂർക്കാവിൽ ഹൈടെക് ബസ് ഷെൽട്ടർ തുറന്നു
വട്ടിയൂർക്കാവ്:
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏഴാമത്തെ ഹൈടെക് ബസ് ഷെൽട്ടർ തുറന്നു. ശാസ്തമംഗലം പൈപ്പിൻമൂട് ജങ്ഷനിലെ ഷെൽട്ടർ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഫ്എം, റേഡിയോ, ഫ്രീ വൈ ഫൈ, മൊബൈൽ ഫോൺ ചാർജിങ്, മാഗസിൻ സ്റ്റാൻഡ്, സുരക്ഷാ ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് കാത്തിരിപ്പുകേന്ദ്രം. സിഇആർ ഫണ്ട് വിനിയോഗിച്ച് അടുത്തിടെ നവീകരിച്ച പൈപ്പിൻമൂട് പാർക്കിൽ കുടിവെള്ള കിയോസ്കും സജ്ജമാക്കി.വി കെ പ്രശാന്ത് എംഎൽഎ യുടെ നിർദ്ദേശപ്രകാരം പരസ്യസ്ഥാപനമായ ദിയ അഡ്വർടൈസേഴ്സാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ രൂപകല്പനയും നിർമാണവും നിർവഹിച്ചതു്. തുടർ പരിപാലനത്തിന്റെ ചുതലയും ദിയയ്ക്കാണ്. പരസ്യ വരുമാനത്തിൽ നിന്നാണ് ഫണ്ട് കണ്ടെത്തിയത്. പട്ടം, കേശവദാസപുരം, നാലാഞ്ചിറ, വെള്ളയമ്പലം എന്നിവിടങ്ങളിലും ഈ മാതൃകയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഉടൻ നിർമ്മിക്കുമെന്ന് എംഎൽഎ പറഞ്ഞു.