സാന്ദ്രാതോമസിന് അനുകൂല വിധി

കൊച്ചി:
നിര്‍മാതാവ് സാന്ദ്രാ തോമസിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടി താത്കാലികമായി സ്റ്റേ ചെയ്തു. സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇടക്കാല സ്റ്റേയാണ് കോടതി നല്‍കിയിരിക്കുന്നത്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം. അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നേരത്തേ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയത്.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സാന്ദ്ര സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ തന്നെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന് സാന്ദ്ര നല്‍കിയ പരാതിയെ തുടര്‍ന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ സാന്ദ്ര കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് പ്രതികരിച്ചത്.