കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ

കൊച്ചി:
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി ആറ് മണിക്ക് ശേഷമാണ് എത്തിയത്. തുടർന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തി. പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരകണക്കിന് ആളുകളാണ് റോഡിന് ഇരുവശവും അണിനിരന്നത്.
പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ കൊച്ചിയിലുണ്ടായിരുന്നു. തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. റോഡിന് ഇരുവശത്തുമായി തിങ്ങിക്കൂടിയ പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തിയാണ് അദ്ദേഹത്തെ വരവേറ്റത്. റോഡ് ഷോയില്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഉണ്ടായിരുന്നു.

