സൗജന്യ നിയമസഹായം പ്രതിയുടെ അവകാശം
കൊച്ചി:
വിചാരണവേളയിൽ നിയമസഹായം ലഭിക്കുകയെന്നത് പ്രതിയുടെ അവകാശമാണെന്ന് ഹൈക്കോടതി. കൊലപാതകക്കേസിൽ 14 വർഷം തടവിൽ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തവും പിഴയും റദ്ദാക്കിയാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ,കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കുറ്റവിമുക്കനാക്കിയത്. 2011 സെപ്തംബർ 18 ന് ഓണാഘോഷത്തിനിടെ കോട്ടയം കുന്നേൽപ്പീടികയിൽ വിജീഷ് കൊല്ലപെട്ട കേസിലെ പ്രതി പാമ്പാടി വെള്ളൂർ സ്വദേശി സി ജി ബാബുവിനെയാണ് വെറുതെ വിട്ടത്.പബ്ളിക് പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വിചാരണക്കോടതി ജഡ്ജിക്ക് ആ ചുമതല ഏറ്റെടുക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വിചാരണക്കോടതി ജഡ്ജി വിസ്താരം നടത്തിയതാണ് വിമർശിക്കപ്പെട്ടത്. സൗജന്യ നിയമസഹായം പ്രതിയുടെ അവകാശമാണെന്നിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ വിചാരണ നിയമപരമായി നിലനിൽക്കില്ല. തെളിവുകൾ ശരിയായി വിലയിരുത്തിയില്ലെന്നും കഴിവുള്ള അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദം ഡിവിഷൻ ബഞ്ച് ശരിവച്ചു.പ്രതി 14 വർഷം തടവനുഭവിച്ചതിനാൽ പുനർവിചാരണ നടത്തുന്നത് ന്യായമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
