തൃശ്ശൂർ പൂരം വിളംബരം ചെയ്തു

തൃശ്ശൂർ:
തൃശൂര്‍ പൂരത്തിന് ഇനി മണിക്കൂറുകള്‍ ബാക്കി. പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി.കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി.
തൃശ്ശൂർ പൂരത്തിലെ ഘടക പൂരമായ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്കാണ് പൂര വിളംബരത്തിൻറെ ചുമതല. രാവിലെയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഭഗവതി ഉച്ചയോടെയാണ് വടക്കും നാഥനിൽ എത്തിയത് .പൂരവിളംബരം കഴിഞ്ഞതോടെ വടക്കുന്നാഥന്റെ നിലപാടു തറയിൽ പൂരം അറിയിച്ചു കൊണ്ടുള്ള ശംഖനാദം ഉയർന്നു.
മറ്റു ഘടക പൂരങ്ങളിൽ നിന്നും വ്യത്യസ്തമാണ് നെയ്തലക്കാവിലെ കൊടിയേറ്റ ചടങ്ങ്. കൊടിയേറ്റ സമയത്ത് നെയ്തലകാവിൽ 2 കൊടികൾ ഉയരും. പൂര ദിവസം രാവിലെ പതിനൊന്നു മണിയോടെ എത്തുന്ന നെയ്തലക്കാവ് ഭഗവതി പകൽപ്പൂരവും രാത്രി പൂരവും കഴിഞ്ഞാണ് മടങ്ങുക, പൂരത്തിലെ അവസാനത്തെ ചെറുപൂരം കൂടിയാണ് നൈതിലക്കാവ് ഭഗവതിയുടേത്.
രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി.
അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിലാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്. പ്രദക്ഷിണ വഴിയിലൂടെ വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി. ഇനിയുള്ള 36 മണിക്കൂർ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയമായിരിക്കുന്നു.